പുള്ളിപ്പുലി (Leopard)
പുള്ളിപ്പുലി (Leopard)
മാർജ്ജാരകുടുംബത്തിലെ(Felidae) വലിയ പൂച്ചകളിൽ (big cats) ഏറ്റവും ചെറിയതാണ് പുള്ളിപ്പുലി (Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും.
ഒരിക്കൽ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും ഇന്ത്യ, പാകിസ്താൻ, ഇൻഡോചൈന, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം എഇ യു സി എൻ പുള്ളിപ്പുലികളെ 'വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്' (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.
മാർജ്ജാര കുടുബത്തിലെ മറ്റംഗങ്ങളുമായി തട്ടിച്ചു നോക്കിയാൽ പുള്ളിപ്പുലിക്ക് താരതമ്യേന കുറിയകാലുകളും വലിയതലയോടു കൂടിയ നീണ്ട ശരീരവും ഉണ്ടെന്നു കാണാം. ജാഗ്വറുമായി കാഴ്ചക്ക് സാമ്യം തോന്നുമെങ്കിലും പുലികൾ ജാഗ്വറുകളേക്കാൾ ചെറുതും ഒതുങ്ങിയ ശരീരം ഉള്ളവയുമാണ്. രണ്ടു വർഗ്ഗത്തിനും ശരീരത്തിൽ പുള്ളികൾ ഉണ്ട്, പുലിയുടെ പുള്ളികൾ ജാഗ്വറിന്റേതിനേക്കാൾ ചെറുതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയുമാണ്. ജാഗ്വറുകളുടെ പുള്ളിക്ക് നടുവിൽ കാണപ്പെടുന്ന പാട് പുലിയുടെ പുള്ളീകളിൽ ഇല്ല.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും, അവസരോചിതമായി ഇരപിടിക്കുന്ന ശീലവും, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളിൽ കയറാനുള്ള കഴിവും, പ്രശസ്തമായ ഗൂഡനീക്കങ്ങളും എല്ലാം ഒത്തിണങ്ങിയതു കൊണ്ട് പുലികൾ മറ്റു വലിയപൂച്ചകളെ അപേക്ഷിച്ച് വിജയകരമായി നിലനിൽക്കുന്നു.
ഭക്ഷണം
ചെറിയ മൃഗങ്ങളും പക്ഷികളുമാണ് ഭക്ഷണം. എന്നാൽ കൂട്ടം ചേർന്ന് സീബ്ര പോലുള്ള വലിയ മൃഗങ്ങളേയും വേട്ടയാടാറുണ്ട്.
പ്രജനനം
91-95 ദിവസമാണ് ഗർഭകാലം. 2-4 കുഞ്ഞുങ്ങളേ പ്രസവിക്കുന്നു. രണ്ടു വയസ്സുവരെയെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുകയുള്ളു.
വംശചരിത്രവും പരിണാമവും
പുള്ളിപ്പുലി ഉൾപ്പെട്ട പാന്തറ ജനുസ്സിന്റെ പരിണാമം ഇപ്പോളും തർക്കവിധേയമായ ഒരു വിഷയമാണ്. കൂടാതെ നാലു വർഗ്ഗങ്ങളുടെയും തമ്മിലുള്ള ബന്ധവും ക്ലൗഡഡ് പുലി, മഞ്ഞുപുലി എന്നിവക്ക് പാന്തറ ജനുസ്സുമായുള്ള ബന്ധവും തർക്കാതീതമല്ല. മാർജ്ജാരകുടുംബം വഴിപിരിയുന്നത് 11 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നും സിംഹം, കടുവ, പുലി, ജാഗ്വർ, മേഘപ്പുലി, ഹിമപ്പുലി എന്നിവയുടെ പൊതുവായ പൂർവികർ ജീവിച്ചിരുന്നത് 6.37 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നും വിശ്വസിക്കപ്പെടുന്നു.
പാന്തറ ജനുസ്സ് ഏഷ്യയിൽ ഉരുത്തിരിഞ്ഞതും പിന്നീട് ആഫ്രിക്കയിലേക്ക് പുലികളുടെയും മറ്റ് മാർജ്ജാരകുടുബാംഗങ്ങളുടെയും പൂർവികർ കുടിയേറ്റം നടത്തിയതാണെന്നും ശാസ്ത്രലോകം വിശ്വസിക്കുന്നു. ഇന്നുള്ള തരം പുലികൾ ആഫ്രിക്കയിൽ 470,000–825,000 വർഷങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞവയാണ്. ഇവ 170,000–300,000 വർഷം മുൻപ് വരെയുള്ള കാലഘട്ടത്തിൽ ഏഷ്യയിലേക്ക് കുടിയേറി.
ഉപവിഭാഗങ്ങൾ
ആദ്യം ഇരുപത്തേഴോളം ഉപവിഭാഗങ്ങളിലുള്ള പുലികൾ ഉണ്ടെന്നാണ് കരുതിയിരുന്നത്. 18ആം നൂറ്റാണ്ടിലെ കാൾ ലിന്ന്യൂസിന്റെ കാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ഇത് ശാസ്ത്രസത്യമായി അംഗീകരിച്ചിരുന്നു എന്നാൽ 1996ൽ നടത്തിയ ഡി എൻ എ പരിശോധനകൾ എട്ട് ഉപവർഗ്ഗങ്ങളായി പുലികളെ നിജപ്പെടുത്തി.പിന്നീട് 2001ൽ ഒമ്പതാമതായി അറേബ്യൻ പുള്ളിപ്പുലി എന്ന ഉപവംശം കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കി. പട്ടിക താഴെ കൊടുത്തിരിക്കുന്നു
ആഫ്രിക്കൻ പുള്ളിപ്പുലി (African Leopard).
സഹാറമരുഭൂമി ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന പുള്ളിപ്പുലിയാണ് ആഫ്രിക്കൻ പുള്ളിപ്പുലി (African Leopard). ശാസ്ത്രനാമം - Panthera pardus pardus എന്നാണ്. സംരക്ഷിത വനപ്രദേശം അല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ ഈ പുള്ളിപ്പുലിയുടെ സംഖ്യ ക്രമാതീതമായി കുറഞ്ഞു വരികയാണ്.
അമുർ പുള്ളിപ്പുലി
കിഴക്കൻ റഷ്യ, കൊറിയൻ ഉപദ്വീപ്, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയാണ് അമുർ പുള്ളിപ്പുലി (Amur leopard) . ശാസ്ത്രനാമം Panthera pardus orientalis എന്നാണ് .ഏറ്റവും ഒടുവിൽ നടന്ന സെൻസസ് പ്രകാരം 30-35 അമുർ പുള്ളിപ്പുലികൾ മാത്രമേ ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ. ഇതിനെ Far Eastern Leopard എന്നും വിളിക്കുന്നു.
അറേബ്യൻ പുള്ളിപ്പുലി
അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് അറേബ്യൻ പുള്ളിപ്പുലി(Arabian Leopard) . Panthera pardus nimr എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലിയാണ് ഇത് . സെൻസസ് അനുസരിച്ച് ആകെ 250 ൽ കുറവായ അറേബ്യൻ പുള്ളിപ്പുലികൾ മാത്രമാണ് ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ ജീവിക്കുന്നത്.
ഇന്ത്യൻ പുള്ളിപ്പുലി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ഇന്ത്യൻ പുള്ളിപ്പുലി (Indian Leopard). ഇതിന്റെ ശാസ്ത്രനാമം Panthera pardus fusca എന്നാണ്. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്ന പുള്ളിപ്പുലിയുടെ (Panthera pardus) ഒരു ഉപവർഗ്ഗമാണിത്.ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വർധിച്ച് വരുന്ന വേട്ടയാടലും കള്ളക്കടത്തും കാരണം ഇവ ഇന്ന് അപകടനിലയിൽ ആയിക്കൊണ്ടിരിക്കുകയാണ് . ആവാസ സ്ഥാനങ്ങളുടെ നാശവും ഇവയെ പ്രതികൂലമായി ബാധിക്കുന്നു.
ജാവൻ പുള്ളിപ്പുലി
ഇന്തോനേഷ്യയിലെ ജാവയിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ജാവൻ പുള്ളിപ്പുലി (Javan Leopard). Panthera pardus melas എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നു. 2,267.9 മുതൽ 3,277.3 ചതുരശ്ര കിലോമീറ്റർ ആണ് ഇവയുടെ ആവാസ സ്ഥാനത്തിന്റെ വിസ്തീർണ്ണം. ഏറ്റവും ഒടുവിൽ നടന്ന കണക്കെടുപ്പ് പ്രകാരം 250 ൽ കുറവാണ് ഇവയുടെ എണ്ണം വേട്ടയാടൽ, ആവാസ വ്യവസ്ഥയുടെ നാശം എന്നിവ ഇവയെ പ്രതികൂലമായി ബാധിക്കുന്നു. ഇന്തോനേഷ്യൻ ഭാഷയിൽ മാകൻ തുട്ടുൽ ജാവ, മാക്കൻ കുമ്പാഗ് എന്നും അറിയപ്പെടുന്നു.
വടക്കൻ ചൈനീസ് പുള്ളിപ്പുലി
ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു പുള്ളിപ്പുലിയാണ് വടക്കൻ ചൈനീസ് പുള്ളിപ്പുലി(North Chinese Leopard) . Panthera pardus japonensis എന്നതാണ് ഇതിന്റെ ശാസ്ത്രനാമം .2002 ൽ നടന്ന IUCN കണക്കെടുപ്പ് പ്രകാരം അടുത്ത് തന്നെ അപകടകരമായ അവസ്ഥയിലുള്ള ജീവികളിൽ ഒന്നായി ഇതിന്റെ കണക്കാക്കുന്നുമറ്റു പുള്ളിപ്പുലികളേക്കാൾ തിളങ്ങുന്ന ഓറഞ്ച് നിറമാണ് ഇവയ്ക്ക്. ഇവയുടെ രോമത്തിനു നീളം കൂടുതലാണ്. പൊതുവേ കാട്ടുപന്നി, മാൻ തുടങ്ങിയവയെയാണ് ഇവ ആഹരിക്കുക എങ്കിലും ഇവ പക്ഷികളെയും ചെറു പ്രാണികളെയും വരെ ഭക്ഷിക്കുന്നത് കാണാം. ഒരു ശരാശരി ആൺ പുലിക്ക് അൻപത് കിലോഗ്രാം വരെ ഭാരം ഉണ്ടാകുന്നു.
പേർഷ്യൻ പുള്ളിപ്പുലി
ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ പുള്ളിപ്പുലിയാണ് പേർഷ്യൻ പുള്ളിപ്പുലി (Persian Leopard). Panthera pardus ciscaucasica എന്ന ശാസ്ത്രനാമം ഉള്ള ഇതിനെ കൊക്കേഷ്യൻ പുള്ളിപ്പുലി ( Caucasian leopard ) എന്നും വിളിക്കുന്നു.ഇറാൻ, കിഴക്കൻ തുർക്കി, തെക്കൻ തുർക്ക്മെനിസ്താൻ, കൊക്കേഷ്യൻ മലനിരകൾ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഏറ്റവും ഒടുവിൽ നടന്ന IUCN കണക്കെടുപ്പ് പ്രകാരം 871–1,290 ആണ് ഇവയുടെ ജനസംഖ്യ.
ശ്രീലങ്കൻ പുള്ളിപ്പുലി
ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ശ്രീലങ്കൻ പുള്ളിപ്പുലി. Panthera pardus kotiya എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ പുലികൾ ആകെ 250ൽ താഴെ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ [1]1956ൽ ശ്രീലങ്കൻ ജന്തുശാസ്ത്രജ്ഞൻ ആയ പോൾ എഡ്വാർഡ് പൈറിസ് ദേരാനിയാഗ്ല യാണ് ഇതിനെ ആദ്യമായി വർഗ്ഗീകരിച്ചത്. സിംഹള ഭാഷയിൽ ഇത് കോട്ടിയ എന്നും തമിഴിൽ ഇത് ചിരുത്തൈ എന്നും അറിയപ്പെടുന്നു.



Super
ReplyDelete